മമ്മൂക്ക അന്ന് മോഹന്‍ലാലിനെ വിളിച്ച് 'നമുക്ക് ഒരുമിച്ച് അഭിനയിച്ച് കൊടുക്കാ'മെന്ന് പറഞ്ഞു: ടി.എസ്. സുരേഷ് ബാബു
Entertainment
മമ്മൂക്ക അന്ന് മോഹന്‍ലാലിനെ വിളിച്ച് 'നമുക്ക് ഒരുമിച്ച് അഭിനയിച്ച് കൊടുക്കാ'മെന്ന് പറഞ്ഞു: ടി.എസ്. സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 9:40 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ടി.എസ്. സുരേഷ് ബാബു. പ്രശസ്ത സംവിധായകന്‍ പി.ജി. വിശ്വംഭരന്റെ സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് അദ്ദേഹം സിനിമാ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്ന് അഭിനയിച്ച ഇതാ ഇന്നു മുതല്‍ എന്ന ചിത്രത്തിലൂടെ റെജി എന്ന പേരിലാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. പിന്നീട് കോട്ടയം കുഞ്ഞച്ചന്‍ എന്ന ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ സുരേഷ് ബാബുവിന് സാധിച്ചു.

ഇപ്പോള്‍ ഇതാ ഇന്നു മുതല്‍ സിനിമ തന്നിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടി തനിക്ക് നല്‍കിയ സപ്പോര്‍ട്ടിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍. ഒപ്പം മോഹന്‍ലാലിനെ മമ്മൂട്ടി തന്നെയായിരുന്നു ഈ സിനിമയിലേക്ക് വിളിച്ചതെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി പി.ജി. വിശ്വംഭരന്‍ സാറിന്റെയൊപ്പം നില്‍ക്കുന്ന സമയത്താണ് തിരക്കില്‍ അല്‍പ്പസമയം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതില്‍ മമ്മൂട്ടിയായിരുന്നു നായകനായത്.

ആ സമയത്ത് റോയല്‍ മൂവിമേക്കേഴ്‌സില്‍ നിന്നും എനിക്ക് സ്വതന്ത്രമായി സിനിമ ചെയ്യാനുള്ള ഒരു ഓഫര്‍ വന്നു. പെട്ടെന്ന് ഒരു സിനിമ ചെയ്യണോ അത്രയും വലിയ ലോഡ് എടുത്ത് തലയില്‍ വെയ്ക്കണോ എന്നെല്ലാമുള്ള കാര്യം ഞാന്‍ ആലോചിച്ചു.

ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ഞാന്‍ ഇക്കാര്യം മമ്മൂക്കയുമായി ഒന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു. മമ്മൂക്ക വളരെ നല്ല സപ്പോര്‍ട്ടായിരുന്നു. അങ്ങനെ ഓഫറുണ്ടെങ്കില്‍ ധൈര്യമായി ചെയ്യാനും താമസിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുകേട്ടപ്പോള്‍ ഞാനും മനസ് കൊണ്ട് തയ്യാറായി. ശങ്കറായിരുന്നു എന്റെ ആദ്യ സിനിമയിലെ നായകനെങ്കിലും മമ്മൂക്കയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തില്‍ വരുന്നുണ്ടായിരുന്നു. ഒന്നുരണ്ട് ദിവസം അതിന് വേണ്ടി ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ മൂന്നോ നാലോ അഞ്ചോ ദിവസം ഞാന്‍ വന്ന് അഭിനയിച്ചേക്കാമെന്നാണ് മമ്മൂക്ക പറഞ്ഞത്.

അതുമാത്രമല്ല, മറ്റൊരു കഥാപാത്രത്തിലേക്ക് മോഹന്‍ലാലിനെ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ മോഹന്‍ലാലിനെ വിളിച്ചിട്ട് ‘സുരേഷ് ബാബുവിന്റെ സിനിമയില്‍ നമുക്ക് രണ്ടുപേര്‍ക്കും കൂടി അഭിനയിച്ചു കൊടുക്കാം’ എന്ന് പറയുകയായിരുന്നു.

അങ്ങനെ മോഹന്‍ലാലും എന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായി. മമ്മൂക്കയും ശങ്കറും മോഹന്‍ലാലും ഒക്കെ ഇതാ ഇന്നു മുതല്‍ എന്ന എന്റെ ആദ്യസിനിമയില്‍ അഭിനയിച്ചു. അത് എനിക്ക് ഒരിക്കലും മറക്കാനാവില്ല,’ ടി.എസ്. സുരേഷ് ബാബു പറയുന്നു.

Content Highlight: TS Suresh Babu Talks About Mammootty And Itha Innu Muthal Movie