ഗോവിന്ദച്ചാമി പിടിയിൽ
Kerala
ഗോവിന്ദച്ചാമി പിടിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2025, 10:48 am

കണ്ണൂർ: ജയിൽ ചാടിയ കുപ്രസിദ്ധ പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂരിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂരിലെ ഡി.സി.സി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാൾ പിടിയിലായത്.

കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥാനായ ഉണ്ണിയാണ് കിണറ്റിനുള്ളില്‍ ഗോവിന്ദസ്വാമിയെ ആദ്യം കണ്ടത്.

പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വെെകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു. പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

കൈ ഇല്ലാത്ത ഒരാളെ നാട്ടുകാരിലൊരാൾ കണ്ടിരുന്നു. അദ്ദേഹത്തിനുണ്ടായ സംശയവും പരാതിയെ പിടികൂടാൻ സഹായകമായി. കണ്ണൂർ ബെെപ്പാസ് റോഡിൽ വെച്ചാണ് റോഡിന്‍റെ വലതുവശം ചേർന്ന് ഒരാൾ നടന്നുപോകുന്നതായി കണ്ടത്.

തലയിൽ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദസ്വാമിയെന്ന് വിളിക്കുകയായിരുന്നു. പിന്നാലെ ഗോവിന്ദച്ചാമി മതിൽചാടി ഓടുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിലെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. തുടര്‍ന്ന് വിവരം ലഭിച്ച് ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും കേരള പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Content Highlight: Govindaswamy arrested