ആലപ്പുഴയിലെ പിള്ളേരോട് മുട്ടി നില്‍ക്കാനാകാതെ ബസൂക്ക, ബോക്‌സ് ഓഫീസില്‍ 30 കോടി നേടി ജിംഖാന
Entertainment
ആലപ്പുഴയിലെ പിള്ളേരോട് മുട്ടി നില്‍ക്കാനാകാതെ ബസൂക്ക, ബോക്‌സ് ഓഫീസില്‍ 30 കോടി നേടി ജിംഖാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th April 2025, 9:47 pm

എമ്പുരാന്‍ നടത്തിയ വേട്ടയോടെ പഴയ ഉണര്‍വിലേക്ക് ബോക്‌സ് ഓഫീസ് തിരിച്ചെത്തിയിരുന്നു. ഏറെക്കാലത്തിന് ശേഷം ആക്ടീവായ മറ്റൊരു വിഷു സീസണ് കൂടി ഈ വര്‍ഷം കേരള ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുകയാണ്. വമ്പന്‍ സിനിമകളാണ് ഈ സീസണില്‍ ഏറ്റുമുട്ടിയത്. നവാഗത സംവിധായകനൊപ്പം ബിഗ് ബജറ്റ് ചിത്രമായെത്തിയ ബസൂക്കയായിരുന്നു വിഷു റിലീസിലെ പ്രധാന ആകര്‍ഷണം.

എന്നാല്‍ ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നസ്‌ലെന്‍, ലുക്മാന്‍, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കിയ ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫ് നായകനായ മരണമാസ്, അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍.

യൂത്ത് ഓഡിയന്‍സിനെ ആകര്‍ഷിച്ചുകൊണ്ടൊരുക്കിയ ആലപ്പുഴ ജിംഖാനയാണ് വിഷു കപ്പ് സ്വന്തമാക്കിയത്. ഖാലിദ് റഹ്‌മാന്റെ മുന്‍ ചിത്രമായ തല്ലുമാല പോലെ കളര്‍ഫുള്ളായി ഒരുക്കിയ ചിത്രം സ്‌പോര്‍ട്‌സ് സിനിമകള്‍ പിന്തുടരുന്ന ക്ലീഷേകളെ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിയാണ് ഒരു വാരത്തിനുള്ളില്‍ ആലപ്പുഴ ജിംഖാന സ്വന്തമാക്കിയത്.

20 കോടി മാത്രമാണ് ബസൂക്കക്ക് ഇതുവരെ നേടാന്‍ സാധിച്ചത്. വന്‍ ബജറ്റിലെത്തിയ ചിത്രം സേഫ് സോണിലെത്തണമെങ്കില്‍ ഇനിയും മുന്നേറേണ്ടതുണ്ട്. മമ്മൂട്ടിയുടെ മുന്‍ ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് മികച്ച പ്രതികരണം ലഭിച്ചിട്ടും തിയേറ്ററില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നില്ല. മരണമാസ് 13 കോടിയോളം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

അതേസമയം അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി വന്‍ കുതിപ്പാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് 3.8 കോടി മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചതെങ്കിലും വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 200 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിച്ചു. അജിത്തിന്റെ കരിയറിലെ രണ്ടാമത്തെ 200 കോടി ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറാന്‍ ഗുഡ് ബാഡ് അഗ്ലിക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

മോഹന്‍ലാല്‍ നായകനായ തുടരും ആണ് സമ്മര്‍ റിലീസുകളില്‍ അടുത്ത പ്രധാന ആകര്‍ഷണം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷണ്മുഖന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന വേഷമിടുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഏപ്രില്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Alappuzha Gymkhana collected 30 crores from box office